ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് 250 ദിര്‍ഹവും രണ്ട് പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

ബദിയടുക്ക: ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് 250 ദിര്‍ഹവും രണ്ട് പവന്‍ സ്വര്‍ണ്ണവും 2500 രൂപയും കവര്‍ച്ച ചെയ്തു. മണിയംപാറ സെന്റ് ലോറന്‍സ് ചര്‍ച്ചിന് സമീപം ദേരടുക്കയിലെ മുഹമ്മദിന്റെ(50) വീട്ടിലാണ് കവര്‍ച്ച നടന്നത്. ഗള്‍ഫില്‍ ജോലിയുള്ള മുഹമ്മദ് ഒരാഴ്ച മുമ്പാണ് നാട്ടിലെത്തിയത്. മുഹമ്മദ് ഇന്നലെ ഉച്ചക്ക് 2.30 മണിയോടെ ഭാര്യയുമൊത്ത് സുള്ള്യയിലെ ഒരു ബന്ധുവീട്ടില്‍ പോയിരുന്നു. രാത്രി 8.30 മണിയോടെ തിരിച്ചെത്തിയപ്പോള്‍ വീടിന്റെ മുന്‍വശത്തെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടു. അലമാരയില്‍ സൂക്ഷിച്ചിരുന്ന ദിര്‍ഹവും സ്വര്‍ണ്ണവും പണവുമാണ് മോഷണം പോയത്. വീടിന്റെ മൂന്ന് വശത്ത് ഉയരം കൂടിയ ചുറ്റുമതിലും ഒരു വശത്ത് ഉയരം കുറഞ്ഞ ചുറ്റുമതിലുമുണ്ട്. ഈ ഭാഗത്ത് കൂടിയാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് സംശയിക്കുന്നു. രാത്രി കാര്‍ വരുന്ന ശബ്ദം കേട്ടതോടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടതാകാമെന്ന് കരുതുന്നു. വീട്ടിലുണ്ടായിരുന്ന കൂടുതല്‍ സ്വര്‍ണ്ണം ബന്ധുവീട്ടിലേക്ക് മാറ്റിയതിനാല്‍ രണ്ട് പവന്‍ സ്വര്‍ണം മാത്രമാണ് മോഷ്ടിക്കാനായത്. മുഹമ്മദിന്റെ പരാതിയില്‍ ബദിയടുക്ക പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം ബാഡൂരില്‍ ഹോട്ടല്‍ കുത്തിത്തുറന്ന് പണം കവര്‍ന്നിരുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് മണിയംപാറയില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ സൂക്ഷിച്ചിരുന്ന 70,000 രൂപ കവര്‍ന്നത്. മണിയംപാറ സെന്റ് ലോറന്‍സ് ചര്‍ച്ചിന് സമീപത്തെ ഭണ്ഡാരപ്പെട്ടി കുത്തിത്തുറന്ന് പണം കവര്‍ന്ന സംഭവവും നടന്നു. മണിയംപാറ, ബാഡൂര്‍ ഭാഗങ്ങളില്‍ കവര്‍ച്ച വ്യാപകമായതോടെ ജനങ്ങള്‍ ആശങ്കയിലാണ്.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it