പക്ഷിപ്പാട്ടിനെ ലോകമറിഞ്ഞു; ഡല്‍ഹിയില്‍ അധ്യാപകനായ ഈ കാസര്‍കോട് സ്വദേശിയിലൂടെ...

യൂറോപ്പിലും അമേരിക്കയിലുമടക്കം പക്ഷിപ്പാട്ട് ധാരാളം വായനക്കാരുടെ കൈകളിലെത്തിക്കാനും ഗഹനമായ ചര്‍ച്ചക്ക് വഴിവെക്കാനും പ്രശസ്തമായ യൂണിവേഴ്‌സിറ്റികളിലടക്കം വിദ്യാര്‍ത്ഥികള്‍ക്ക് മഹത്തായ ഈ കൃതി പഠന വിഷയമാക്കാനുമുള്ള അവസരം വെട്ടിത്തുറന്ന ആ കാസര്‍കോട് സ്വദേശി ആലംപാടി കുഞ്ഞിക്കാനത്തെ അബ്ദുല്ല അബ്ദുല്‍ ഹമീദാണ്.

നടുത്തോപ്പില്‍ അബ്ദുല്ല എഴുതിയ പ്രശസ്തമായ 'പക്ഷിപ്പാട്ട്' എന്ന കവിതയുടെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ നാടൊരുങ്ങുമ്പോള്‍ ഈ കൃതിയെ ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയ ഒരു കാസര്‍കോടുകാരന്‍ ഡല്‍ഹിയില്‍ ഇരുന്ന് അതിരറ്റ ആഹ്ലാദവും അഭിമാനവും അനുഭവിക്കുന്നുണ്ട്. യൂറോപ്പിലും അമേരിക്കയിലുമടക്കം പക്ഷിപ്പാട്ട് ധാരാളം വായനക്കാരുടെ കൈകളിലെത്തിക്കാനും ഗഹനമായ ചര്‍ച്ചക്ക് വഴിവെക്കാനും പ്രശസ്തമായ യൂണിവേഴ്‌സിറ്റികളിലടക്കം വിദ്യാര്‍ത്ഥികള്‍ക്ക് മഹത്തായ ഈ കൃതി പഠന വിഷയമാക്കാനുമുള്ള അവസരം വെട്ടിത്തുറന്ന ആ കാസര്‍കോട് സ്വദേശി ആലംപാടി കുഞ്ഞിക്കാനത്തെ അബ്ദുല്ല അബ്ദുല്‍ ഹമീദാണ്.

സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ എം.എ. രണ്ടാം സെമസ്റ്ററിലാണ് അറബി-മലയാളത്തെക്കുറിച്ചുള്ള തന്റെ തിരച്ചിലിന് അബ്ദുല്ല അബ്ദുല്‍ ഹമീദ് തുടക്കം കുറിക്കുന്നത്. അധ്യാപകനും മെന്ററുമായ ഡോ. ജോസഫ് കോയിപ്പള്ളി പിന്തുണയുമായെത്തി. അറബി-മലയാള സാഹിത്യത്തെക്കുറിച്ചുള്ള അറിവിന്റെ അലമാര ഡോ. ജോസഫ് കോയിപ്പള്ളി മലര്‍ക്കെ തുറന്നുവെച്ചു. അബ്ദുല്‍ ഹമീദിന്റെ പഠനവും അന്വേഷണവും കൗതുകങ്ങളുടെ പുതിയ വാതിലുകള്‍ തുറന്നു. എം.എ. ഡിസര്‍ട്ടേഷന്‍ വിഷയമായി ഡോ. റിസിയോ യോഹന്നാന്‍ രാജിന്റെ മേല്‍നോട്ടത്തില്‍ അക്ബര്‍ സദഖ പക്ഷിപ്പാട്ട് എന്ന കൃതിയിലേക്ക് അബ്ദുല്ല അബ്ദുല്‍ ഹമീദ് കടന്നുചെല്ലുന്നത് അങ്ങനെയാണ്. കാസര്‍കോടന്‍ മലയാള ഭേദത്തിലുള്ള ഈ കവിതയെ ഇംഗ്ലീഷിലേക്ക് മാറ്റുക എന്നത് സാങ്കേതികവും സാംസ്‌കാരികവുമായി ഒരു വലിയ വെല്ലുവിളിയായി തോന്നിയെങ്കിലും ആവേശത്തോടെ അതേറ്റെടുത്തു. 2010ല്‍ എം.എ. ഡിസര്‍ട്ടേഷനായി ആരംഭിച്ച ഗവേഷണപഠനം, 2012ല്‍ പുസ്തകരൂപമായി അച്ചടി പുരണ്ടു. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയാണ് പ്രസിദ്ധീകരിച്ചത്. സി.യു.കെയില്‍ നടന്ന അന്താരാഷ്ട്ര സെമിനാറിന്റെ ഭാഗമായാണ് പ്രസിദ്ധീകരിച്ചത്. പിന്നീട് മൊഗ്രാലിലും ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലും അക്കാദമിക ചര്‍ച്ചകളുടെ ഭാഗമായി റിലീസ് ചെയ്തു. റിസിയോ യോഹന്നാന്‍ രാജിന്റെ ആമുഖത്തോടൊപ്പം അവതാരിക എഴുതിയത് പ്രശസ്ത രാമായണപണ്ഡിതയും അമേരിക്കയിലെ ഒബെര്‍ലിന്‍ കോളേജിലെ പ്രൊഫസറുമായ പോലാ റിച്ച്മാനാണെന്നത് പുസ്തകത്തിന് തിളക്കവും ഗരിമയും കൂട്ടി.

എന്നാല്‍ കാലംപോകെ പുസ്തകത്തിന്റെ കോപ്പി ലഭ്യമല്ലാതായി. അതേസമയം ആവശ്യക്കാരുടെ എണ്ണം വര്‍ധിച്ചു വന്നു. അതോടെയാണ് പുസ്തകത്തിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പിന്റെ അനിവാര്യത അബ്ദുല്ല അബ്ദുല്‍ ഹമീദിന് ബോധ്യമായത്. പഴയ പതിപ്പ് അതേപടി പുനഃപ്രസിദ്ധീകരിക്കുന്നത് സാങ്കേതിക വിദ്യകള്‍ വളര്‍ന്ന പുതിയ കാലത്ത് ഉചിതമല്ലെന്ന തിരിച്ചറിവ് പുതിയ ചിന്തകളുണര്‍ത്തി. വായനാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന ഒരു പുതുക്കിയ പതിപ്പ് ഒരുക്കാന്‍ തീരുമാനിക്കുന്നത് അങ്ങനെയാണ്. ഇംഗ്ലീഷ് പരിഭാഷക്ക് ശേഷം പഠനഭാഗം നല്‍കുന്ന രീതിയില്‍ ക്രമീകരണം മാറ്റി. ഇതിലൂടെ, കവിതാ പ്രേമികള്‍ക്ക് മുന്‍കൂട്ടി അക്കാദമിക് വ്യാഖ്യാനങ്ങള്‍ വായിക്കാതെ, കവിതയുടെ ലോകത്തിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ സാധിക്കുന്ന രീതിയില്‍ പുനരാവിഷ്‌കരണം നടത്തി. 2025ല്‍ ആമസോണ്‍ കിന്റല്‍ വഴി രണ്ടാം പതിപ്പ് പ്രസാധനം ചെയ്തു. കോഴിക്കോട് സര്‍വകലാശായിലെ സി.എച്ച് മുഹമ്മദ് കോയ ചെയറില്‍ മാപ്പിളസാഹിത്യ ചര്‍ച്ചകളുടെ ഭാഗമായി പക്ഷിപ്പാട്ട് സാഹിത്യ ചര്‍ച്ച സംഘടിപ്പിക്കുകയുമുണ്ടായി. ഇതിനിടയിലാണ് ന്യൂയോര്‍ക്ക് ബര്‍മ്മിംഗ്ഹാം സതേണ് കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ കീലി സുട്ടോണ്‍ അബ്ദുല്‍ ഹമീദിനെ ബന്ധപ്പെടുന്നത്. ആമസോണില്‍ അവര്‍ പക്ഷിപ്പാട്ടിന്റെ പരിഷ്‌കരിച്ച പ്രതി ലഭ്യമാക്കിയിട്ടുണ്ട്. കൊള്ളാം. ഹൃദ്യം. ഈ കൃതി തന്റെ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിപ്പിക്കാന്‍ താല്‍പര്യമുണ്ടെന്നും അതിന്റെ കോപ്പി ലഭ്യമാക്കണമെന്നും പ്രൊഫ. കീലി സുട്ടോണ്‍ ആവശ്യപ്പെട്ടു. അബ്ദുല്‍ ഹമീദിന്റെയും ഹൃദയം നിറഞ്ഞു. തന്റെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നു. താന്‍ പരിഭാഷപ്പെടുത്തിയ കൃതി ലോകമാകെ ഒരു തരംഗം പോലെ പടര്‍ന്നിരിക്കുന്നു. അവ വായിക്കാന്‍, പഠിക്കാന്‍ ലോകമെമ്പാടും വിദ്യാര്‍ത്ഥികള്‍ ആഗ്രഹിക്കുന്നു- അഭിമാനിക്കാന്‍ ഇതില്‍ പരം മറ്റെന്ത് വേണം. എന്നാല്‍ പുസ്തകത്തിന്റെ പ്രിന്റഡ് കോപ്പി ലഭ്യമല്ല. അബ്ദുല്‍ ഹമീദ് ഒരു പി.ഡി.എഫ് കോപ്പി പ്രൊഫ. കീലിക്ക് അയച്ചുകൊടുത്തു.

വിദേശ രാജ്യങ്ങളിലടക്കം അക്കാദമിക ചര്‍ച്ചകളില്‍ പക്ഷിപ്പാട്ട് വലിയ ചര്‍ച്ചാവിഷയമാകുന്നതില്‍ ഒരു കാസര്‍കോട്ടുകാരന്‍ മുഖ്യ കാരണക്കാരനായിരിക്കുന്നുവെന്നത് ഈ നാടിനാകെ അഭിമാനം പകരുകയാണ്. യൂറോ-അമേരിക്കന്‍ സമൂഹത്തില്‍ പോലും പക്ഷിപ്പാട്ട് ചര്‍ച്ചാവിഷയമായത് അബ്ദുല്‍ ഹമീദിന്റെ ശ്രമഫലമാണെന്നത് ആ അഭിമാനത്തിന് ഇരട്ടി തിളക്കം ചാര്‍ത്തുന്നു. ആമസോണ്‍ കിന്റണില്‍ ഈ കൃതി നിരവധി പേര് വിലകൊടുത്ത് സ്വന്തമാക്കുന്നുണ്ട്.

ആലംപാടി കുഞ്ഞിക്കാനത്തെ വെള്ളരിക്കുണ്ട് അബ്ദുല്ലയുടെയും ആസിയ മുഹമ്മദ് ആലംപാടിയുടെയും മകനാണ് അബ്ദുല്‍ ഹമീദ്. ആലംപാടി സ്‌കൂളിലാണ് പത്താം ക്ലാസ് വരെ പഠിച്ചത്. പ്ലസ്ടു ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലും. ഡിഗ്രിക്ക് ഇന്ദിരാനഗറിലെ വിവേകാനന്ദ കോളേജില്‍ ചേര്‍ന്നു. തുടര്‍ പഠനത്തിന് കേന്ദ്ര സര്‍വ്വകലാശാലയില്‍ പ്രവേശനം ലഭിച്ചത് ഭാഗ്യമായി. എം.എ കഴിഞ്ഞ് ഡല്‍ഹി ജെ.എന്‍.യുവില്‍ എം.ഫില്‍ പൂര്‍ത്തിയാക്കി. 2015 മുതല്‍ ഡല്‍ഹി സാക്കിര്‍ ഹുസൈന്‍ കോളേജില്‍ അധ്യാപകനായി ജോലി ചെയ്തുവരുന്നു. 2012 മുതല്‍ 2015 വരെ ഡല്‍ഹി ജാമിഅ മില്ലിയ കോളേജില്‍ ഗസ്റ്റ് അധ്യാപകനായിരുന്നു. അതിന് മുമ്പ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ പാലാട് കാമ്പസിലും അധ്യാപകനായി. ഇതിനിടയില്‍ ചില തമാശകളും അരങ്ങേറി. ഒരിക്കല്‍ കാസര്‍കോട് ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവിലേക്ക് അപേക്ഷ നല്‍കിയതായിരുന്നു അബ്ദുല്ല അബ്ദുല്‍ ഹമീദ്. പക്ഷെ പേപ്പര്‍ കൃത്യമല്ല എന്ന് പറഞ്ഞ് ജോലി കൊടുത്തില്ല. അതോടെ കാസര്‍കോട് തന്നെ പലയിടത്തും ചെന്ന് അധ്യാപന സേവനം അനുഷ്ഠിച്ചു. മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിലും വിവേകാനന്ദ കോളേജിലുമടക്കം പലയിടത്തും. പിന്നീടാണ് ഡല്‍ഹി സാകിര്‍ ഹുസൈന്‍ കോളേജില്‍ നിന്ന് ക്ഷണം വരുന്നത്. നമ്മുടെ കാസര്‍കോട്ടെ കോളേജില്‍ പേപ്പറിന്റെ അവ്യക്തത പറഞ്ഞ് തിരിച്ചയക്കപ്പെട്ട ഒരാള്‍ ഡല്‍ഹിയിലെ പ്രശസ്തമായ, പ്രധാനമന്ത്രി ചെയര്‍മാനായിട്ടുള്ള, കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലുള്ള ഒരു കോളേജില്‍ അധ്യാപകനായി നിയമിതനാവുന്നത് കാലത്തിന്റെ നിശ്ചയമായിരിക്കാം. ജെ.എന്‍.യുവില്‍ ചേര്‍ന്നത് മുതല്‍ 15 വര്‍ഷമായി ഡല്‍ഹിയിലാണ് ഏറിയ പങ്കും അബ്ദുല്ല അബ്ദുല്‍ ഹമീദ്. കൂടെക്കൂടെ നാട് വിളിക്കും. അടുത്തിടെ ഉമ്മ വിടപറഞ്ഞുപോയെങ്കിലും ഉപ്പയും, ഭാര്യയും മക്കളും സഹോദരങ്ങളുമൊക്കെ അബ്ദുല്‍ ഹമീദിനെ അടിക്കടി നാട്ടിലേക്ക് പിടിച്ചുവലിക്കും. കല്യാണം കഴിച്ചത് ഡല്‍ഹിയില്‍ നിന്നാണ്. ഈസ്റ്റ് ഡല്‍ഹി സ്വദേശിനിയായ സന അനീസാണ് ഭാര്യ. ജാമിഅ മില്ലിയയില്‍ നിന്നും ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രിയും കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് എം.എല്ലും നേടിയ സന അനീസ കുറച്ചു കാലം കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള നമ്മുടെ ചാലയിലെ കാമ്പസില്‍ ജോലി ചെയ്തു. ഇപ്പോള്‍ ചെര്‍ക്കളയിലെ സൈനബ് ബി.എഡ് കോളേജില്‍ അധ്യാപികയാണ്. രണ്ട് മക്കള്‍. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഫാത്തിമത്ത് സുഹറയും ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥി മുഹമ്മദ് ആമിര്‍ സുഹൈറും. രണ്ട് പേരും മാന്യ ഗ്ലോബല്‍ സ്‌കൂളില്‍ പഠിക്കുന്നു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it