പക്ഷിപ്പാട്ടിലൂടെയുള്ള ഒരു പരിഭാഷകന്റെ യാത്രകള്‍...

പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്ന വേളയില്‍, ഈ കൃതി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ അബ്ദുല്ല അബ്ദുല്‍ ഹമീദ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പ് അതേപടി ചേര്‍ക്കുന്നു

കാസര്‍കോടിന്റെ ഇശല്‍ഗ്രാമമായ മൊഗ്രാലില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ എഴുതപ്പെട്ട അക്ബര്‍ സ്വദഖ പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തയാറെടുക്കുകയാണ് കാസര്‍കോട്ടെ സാംസ്‌കാരിക രംഗം. മാപ്പിള സാഹിത്യത്തിലെ പ്രഗല്‍ഭരായ എഴുത്തുകാരിലൊരാളായ നടുത്തോപ്പില്‍ അബ്ദുല്ല എന്ന കവിയെയും അദ്ദേഹത്തിന്റെ കവിതയെയും ആഘോഷിക്കുന്ന ഈയവസരത്തില്‍ എന്റെ ചെറിയ ജീവിതത്തിലെ എളിയ സാഹിത്യപഠനത്തില്‍ പക്ഷിപ്പാട്ട് നല്‍കിയ സംഭാവനകള്‍ ഓര്‍ക്കുകയാണ്.

അറബിയും മലയാളവും വളരെ സ്വാഭാവികതയോടെ ദൈനംദിന ഭാഷാവ്യവഹാരങ്ങളില്‍ ഇടകലര്‍ന്ന ഒരു സാംസ്‌കാരിക അന്തരീക്ഷത്തിലായിരുന്നു എന്റെ കുട്ടിക്കാലം. മദ്രസാ പ്രാഥമിക വിദ്യാഭ്യാസത്തിലും അറബി-മലയാള ഗ്രന്ഥങ്ങളുമായി പരിചയം ഉണ്ടായിരുന്നു. എങ്കിലും അവയുടെ ഭാഷാ, സാഹിത്യ സങ്കീര്‍ണതകളിലേക്ക് ആഴത്തില്‍ കടന്നുചെല്ലാന്‍ എനിക്ക് അവസരം ലഭിച്ചിരുന്നില്ല. പിന്നീട് അക്കാദമിക പഠനത്തിന്റെ ഭാഗമായി അറബി-മലയാളത്തെ വായിച്ചപ്പോഴാണ് ഈ പാരമ്പര്യത്തിന്റെ ആഴവും ബഹുമുഖതയും ഞാന്‍ കണ്ടെത്തുന്നത്. പക്ഷിപ്പാട്ടിനെ ഗൗരവത്തോടെ ഗവേഷണം നടത്താന്‍ തുടങ്ങിയപ്പോള്‍ പ്രൊഫ. ഇബ്രാഹിം ബേവിഞ്ച, പ്രൊഫ. എം.എ. റഹ്മാന്‍, മൊഗ്രാല്‍ സ്വദേശിയും സാമൂഹ്യസേവകനും സാഹിത്യകുതുകിയുമായിരുന്ന തനിമ അബ്ദുല്ല, പത്രപ്രവര്‍ത്തകനും പ്രസാധകനുമായിരുന്ന കെ.എം. അഹമ്മദ് എന്നിവരായിരുന്നു അറബി-മലയാള സാഹിത്യപഠനത്തില്‍ എന്റെ ഗുരുക്കന്‍മാര്‍. പക്ഷിപ്പാട്ടിന്റെ സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള അറിവുകളും പഠനോപകരണങ്ങളും അവര്‍ ഞാനുമായി പങ്കുവെച്ചു. ബേവിഞ്ച മാഷുമായും റഹ്മാന്‍ മാഷുമായും നടത്തിയ നിരന്തരചര്‍ച്ചകള്‍ എന്റെ ഗവേഷണത്തിന്റെ ദിശ നിശ്ചയിച്ചു. റഹ്മാന്‍ മാഷ് ഇന്നും എനിക്ക് വഴികാട്ടുന്നു. മൊഗ്രാലിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗഹനമായ അറിവുകളും പക്ഷിപ്പാട്ടിനെ പുതുകാല വായനയിലേക്ക് എത്തിച്ച അദ്ദേഹത്തിന്റെ 'ഇശല്‍ ഗ്രാമം വിളിക്കുന്നു' എന്ന ഡോക്യുമെന്റെറിയും എന്റെ പക്ഷിപ്പാട്ട് പഠനത്തിന് വിലമതിക്കാനാകാത്ത പിന്തുണയായി. അദ്ദേഹത്തിന്റെ കൂടി ഉത്സാഹത്തിന്റെ ഉല്‍പ്പന്നമായ പക്ഷിപ്പാട്ടിന്റെ യക്ഷഗാനപ്പതിപ്പ് അറബി-മലയാള സാഹിത്യത്തെ പൊതുസമൂഹത്തിലേക്ക് കൂടുതല്‍ സജീവമായി കൊണ്ടുവന്നു. ദേശസാത്കൃത കലാരൂപങ്ങളിലൂടെ ഒരു മതസാംസ്‌കാരിക ഗ്രന്ഥത്തെ വ്യാഖ്യാനിക്കുന്നതിന്റെ മികച്ചൊരു ഉദാഹരണമാണത്.

സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ എം.എ. രണ്ടാം സെമസ്റ്ററിലാണ് അറബി-മലയാളത്തെക്കുറിച്ചുള്ള എന്റെ തിരച്ചില്‍ ഭ്രൂണരൂപമാര്‍ജിക്കുന്നത്. എന്റെ അധ്യാപകനും മെന്റെറും ആയിരുന്ന ഡോ. ജോസഫ് കോയിപ്പള്ളി അറബി-മലയാള സാഹിത്യത്തിന്റെ സൈദ്ധാന്തിക സാധ്യതകളിലേക്ക് വെളിച്ചം കാട്ടി. അറബി-മലയാളം അറബിയുടെയും മലയാളത്തിന്റെയും ലളിതമായ വെറും മിശ്രണമല്ലെന്നും സ്വന്തമായ ഭാഷായുക്തിയും സാഹിത്യബോധവുമുള്ള ഒരു സ്വതന്ത്രരൂപമാണെന്നും തിരിച്ചറിയാന്‍ ഡോ. കോയിപ്പള്ളിയുമായുള്ള ചര്‍ച്ചകള്‍ സഹായിച്ചു. ഈ ബോധ്യമാണ്, ഒരു അറബി-മലയാള കൃതിയെ എന്റെ എം.എ. ഡിസര്‍ട്ടേഷന്‍ വിഷയമായി തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിച്ചത്. ഇതിന്റെ തുടര്‍ച്ചയാണ് ഡോ. റിസിയോ യോഹന്നാന്‍ രാജിന്റെ മേല്‍നോട്ടത്തില്‍ നടുത്തോപ്പില്‍ അബ്ദുല്ലയുടെ അക്ബര്‍ സദഖ പക്ഷിപ്പാട്ട് എന്ന കൃതിയിലേക്കുള്ള എന്റെ ഗവേഷണപ്രവേശം. ദീര്‍ഘകാലം മതപരമായ പുറന്തള്ളലിനും അവഗണനക്കും വിധേയമായ ഈ കവിതക്ക്, പ്രസാധനത്തിന് മുമ്പായി മൊഗ്രാല്‍, നാദാപുരം, പരപ്പനങ്ങാടി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച ഒരു സാംസ്‌കാരിക ചരിത്രമുണ്ട്. സാഹിറ റഹ്മാന്‍ നിരീക്ഷിച്ചത് പോലെ സ്ത്രീകളുടെ സ്ഥാനം, അഭിപ്രായം, പ്രതിനിധാനം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന ഈ കൃതിക്ക് ഒരു ഫെമിനിസ്റ്റ് വീക്ഷണങ്ങളിലൂന്നിയുള്ള പുതുവായന വളരെ സാധ്യമാണ്. ഇതടക്കമുള്ള രാഷ്ട്രീയ ധ്വനികളും വിമര്‍ശനസ്വരങ്ങളുമാണ് ഈ ഗ്രന്ഥം മൊഗ്രാലില്‍ നിന്ന് പുറത്താക്കപ്പെടാന്‍ കാരണമായത് എന്ന് ഞാനെന്റെ പഠനത്തില്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍, ഈ പുറന്തള്ളല്‍ ഗ്രന്ഥത്തിന്റെ ശക്തിയെയും പ്രസക്തിയെയും സൂചിപ്പിക്കുന്നു. തിരൂരങ്ങാടിക്കാര്‍ ഈ കൃതിയെ പുസ്തകമാക്കിയപ്പോള്‍ പക്ഷിപ്പാട്ട് സമൂഹത്തിലേക്ക് തിരികെയെത്തി. പിന്നീട് മൊഗ്രാല്‍ക്കാര്‍ തന്നെ ഈ പുസ്തകം വാങ്ങി വായിച്ചു. ഇതിലൂടെ സമൂഹവും ഗ്രന്ഥവും തമ്മിലുള്ള ബന്ധം സംഘര്‍ഷപരമായിരുന്നുവെങ്കിലും പൂര്‍ണമായും വിച്ഛേദിക്കപ്പെട്ടിരുന്നില്ലെന്ന് മനസ്സിലാക്കാം. വിമര്‍ശനവും കൗതുകവും വായനയും ഒരുമിച്ച് നിലനിന്ന ഒരു സാഹചര്യം ഇവിടെ നാം കാണുന്നു.

ഇബ്രാഹിം ബേവിഞ്ചയുടെ 'പക്ഷിപ്പാട്ട്: ഒരു പുനര്‍വായന' (2008) പോലുള്ള പഠനങ്ങള്‍ ഈ കൃതിയെ സമകാലിക അക്കാദമിക് രംഗത്തേക്ക് തിരിച്ചുകൊണ്ടുവന്നെങ്കിലും അതിലെ കവിതാസ്വരങ്ങളുടെ സമന്വയവും സാമൂഹിക-സാംസ്‌കാരിക അടിത്തറകളും കൂടുതല്‍ ആഴത്തില്‍ പരിശോധിക്കേണ്ടതുണ്ടെന്നുള്ള ബോധ്യം ക്രമേണ ശക്തിപ്പെട്ടുവന്നു. പക്ഷിപ്പാട്ടിന്റെ ഇംഗ്ലീഷ് പരിഭാഷ എന്റെ പഠനത്തിന്റെ ഭാഗമായിരുന്നു. കാസര്‍കോടന്‍ മലയാള ഭേദത്തിലുള്ള ഈ കവിതയെ ഇംഗ്ലീഷിലേക്ക് മാറ്റുക എന്നത് സാങ്കേതികവും സാംസ്‌കാരികവുമായി ഒരു വലിയ വെല്ലുവിളിയായിരുന്നു. അങ്ങനെ പരിഭാഷ എന്ന ഭാഷാന്തര പ്രക്രിയ, നടുത്തോപ്പില്‍ അബ്ദുല്ലയുടെയും അദ്ദേഹത്തിന്റെ കാലഘട്ടത്തിന്റെയും അറബി-മലയാളത്തിന്റെ ചരിത്ര സാംസ്‌കാരിക പശ്ചാത്തലത്തിന്റെയും സൂക്ഷ്മമായ വായന ആവശ്യപ്പെടുന്ന ഒരു ബൗദ്ധിക ഇടപെടലായി മാറി. 2010ല്‍ എം.എ. ഡിസര്‍ട്ടേഷനായി ആരംഭിച്ച ഈ ഗവേഷണപഠനം, 2012ല്‍ പുസ്തകരൂപമാര്‍ജിച്ചു സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള പ്രസിദ്ധീകരിക്കുകയുണ്ടായി. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയില്‍ അന്താരാഷ്ട്ര സെമിനാറിന്റെ ഭാഗമായി റിലീസ് ചെയ്ത ആദ്യ പതിപ്പ് പിന്നീട് ഇശല്‍ ഗ്രാമത്തിലും ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയിലും അക്കാദമിക ചര്‍ച്ചകളുടെ ഭാഗമായി റിലീസ് ചെയ്യുകയുണ്ടായി. ഇതില്‍ എടുത്തു പറയേണ്ട ഒരു കാര്യം എന്റെ ഗൈഡ് റിസിയോ യോഹന്നാന്‍ രാജിന്റെ ആമുഖത്തോടൊപ്പം പരിഭാഷക്കും പഠനത്തിനും അവതാരിക എഴുതിയിരിക്കുന്നത് പ്രശസ്ത രാമായണപണ്ഡിതയും അമേരിക്കയിലെ ഒബെര്‍ലിന്‍ കോളേജിലെ പ്രൊഫസറും ആയ പോലാ റിച്ച്മാന്‍ ആണെന്നതാണ്.

അന്ന് പക്ഷേ മാപ്പിളസാഹിത്യപഠനം ഒരു പരിമിതമായ ഗവേഷണ മേഖലയായിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലും വിദേശത്തുമായി ഈ മേഖല വളര്‍ന്നു. താരതമ്യസാഹിത്യം, താരതമ്യ മതപഠനം തുടങ്ങിയ മേഖലകളിലെ ഗവേഷകര്‍ പോലും പക്ഷിപ്പാട്ടിലേക്കും അറബി-മലയാള പാരമ്പര്യത്തിലേക്കും ഗവേഷണയാത്രകള്‍ നടത്തിത്തുടങ്ങി. ഈ സാഹചര്യത്തിലാണ്, ദീര്‍ഘകാലം ലഭ്യമല്ലാതിരുന്ന ഈ പുസ്തകത്തിന്റെ പരിഷ്‌കരിച്ച രണ്ടാം പതിപ്പിന്റെ ആവശ്യകത ശക്തമായി തോന്നിയത്. പഴയ പതിപ്പ് അതേപടി പുനഃപ്രസിദ്ധീകരിക്കുന്നതിന് പകരം, വായനാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും സുഹൃത്തുക്കളുടെയും പണ്ഡിതരുടെയും അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു പുതുക്കിയ പതിപ്പ് ഒരുക്കുക എന്നതാണ് ഞാന്‍ ഉദ്ദേശിച്ചത്. ഇതിന്റെ ഭാഗമായി, ഇംഗ്ലീഷ് പരിഭാഷക്ക് ശേഷം പഠനഭാഗം നല്‍കുന്ന രീതിയില്‍ ക്രമീകരണം മാറ്റി. ഇതിലൂടെ, കവിതാപ്രേമികള്‍ക്ക് മുന്‍കൂട്ടി അക്കാദമിക് വ്യാഖ്യാനങ്ങള്‍ വായിക്കാതെ, കവിതയുടെ ലോകത്തിലേക്ക് നേരിട്ട് പ്രവേശിക്കാന്‍ സാധിക്കുന്ന രീതിയില്‍ പുനരാവിഷ്‌കരണം നടത്തി. 2025ല്‍ ആമസോണ്‍ കിന്റല്‍ വഴി രണ്ടാം പതിപ്പ് പ്രസാധനം ചെയ്തു. ഇതോടൊപ്പം സയ്യിദ് അഷ്റഫ് തങ്ങള്‍, ഖാദര്‍ പാലാഴി, അഫ്സല്‍ തലശ്ശേരി, അഷ്റഫ് തൂണേരി തുടങ്ങിയവര്‍ മുന്‍കൈയടുത്തു കോഴിക്കോട് സര്‍വകലാശായിലെ സി.എച്ച് മുഹമ്മദ് കോയ ചെയറില്‍ മാപ്പിളസാഹിത്യ ചര്‍ച്ചകളുടെ ഭാഗമായി പക്ഷിപ്പാട്ട് സാഹിത്യ ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി.

ഈ യാത്രയില്‍ മുഴുവനും അനേകം വ്യക്തികളും സ്ഥാപനങ്ങളും എനിക്ക് ബൗദ്ധിക പിന്തുണ നല്‍കി. സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരള, ജെ.എന്‍.യു, ഡല്‍ഹി യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിലെ അധ്യാപകരും സഹഗവേഷകരും, ഈ പുസ്തകത്തെ അക്കാദമിക് ചര്‍ച്ചകളില്‍ സജീവമായി നിലനിര്‍ത്തി. പ്രത്യേകിച്ച്, എന്റെ അധ്യാപികയും ഗൈഡും ആയ ഡോ. റിസിയോ യോഹന്നാന്‍ രാജിന്റെ സ്ഥിരമായ പിന്തുണയും, ഡോ. ജോസഫ് കോയിപ്പള്ളി, പ്രൊഫ. എം.വി. നാരായണ്‍ തുടങ്ങിയവരുടെ പ്രോത്സാഹനവും ഈ പരിഷ്‌കൃത പതിപ്പ് യാഥാര്‍ത്ഥ്യമാകുന്നതില്‍ നിര്‍ണായകമായി. ഈ കൃതി വീണ്ടും വിപണിയില്‍ എത്തിക്കേണ്ടതിന്റെ അടിയന്തിരതയെക്കുറിച്ച് പ്രൊഫ. എം.വി. നാരായണ്‍ അടുത്തിടെ നടത്തിയ ഓര്‍മ്മിപ്പിക്കല്‍, രണ്ടാം പതിപ്പ് പുറത്തിറക്കാന്‍ അവസാന പ്രചോദനമായി.

പക്ഷിപ്പാട്ടിന്റെ ആംഗലേയ പരിഭാഷക്കും അതിന്റെ ആഗോള സഞ്ചാരത്തിനും ഞാന്‍ ഒരു നിമിത്തം മാത്രം.

കാസര്‍കോടിന്റെ ബൗദ്ധികകേന്ദ്രങ്ങളായി നിലകൊണ്ട അധ്യാപകരും പണ്ഡിതരുമാണ് അതിന്റെ യഥാര്‍ത്ഥ കാരണക്കാര്‍. അവരുടെ അറിവും മാര്‍ഗനിര്‍ദ്ദേശവും ഓര്‍മകളും ഇല്ലായിരുന്നുവെങ്കില്‍ ഈ കൃതി രാജ്യാന്തരവൃത്തങ്ങളില്‍ എത്തുമായിരുന്നില്ല.

പക്ഷിപ്പാട്ട് എന്ന കൃതി എന്റെ പഠനവിഷയം മാത്രമല്ല, അതെന്നെ ഗവേഷകനും പരിഭാഷകനുമാക്കി. എന്റെ പരിഭാഷയിലൂടെ ഈ അറബിമലയാള കവിതക്ക് വായനയുടെ പുതിയ ലോകങ്ങള്‍ തുറക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് മേല്‍പ്പറഞ്ഞവരും അല്ലാത്തവരുമായ കാസര്‍കോടുകാരുടെയും അവരുടെ സംവാദങ്ങളുടെയും സഹകരണങ്ങളുടെയും ഓര്‍മ്മകളുടെയും ഒരു കൂട്ടായ നേട്ടമാണ് എന്ന് ഞാന്‍ ഊന്നിപ്പറയുന്നു. പക്ഷിപ്പാട്ടിലൂടെ തുടങ്ങിയ എന്റെ എളിയ പഠനയാത്രകള്‍ ഇന്നും തുടരുന്നു. പക്ഷിപ്പാട്ടിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളില്‍ ഇങ്ങനെയൊരു കുറിപ്പ് എഴുതുന്നത് കവിയുടെയും കവിതയുടെയും പുതിയമാനങ്ങള്‍ തേടുന്ന ഗവേഷകര്‍ക്ക് ഉപകരിക്കട്ടെ എന്നാശിക്കുന്നു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it