ആരിക്കാടിയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് എം.എല്‍.എയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം

കുമ്പള: ആരിക്കാടി ടോള്‍ പ്ലാസയില്‍ ടോള്‍ പിരിവ് ആരംഭിച്ചതിനെതിരെ സമരം ശക്തമാക്കാന്‍ ജനകീയ സമര സമിതി. ടോള്‍ പിരിവ് നിര്‍ത്തണമെന്നാവശ്യപ്പെട്ട് എ.കെ.എം അഷ്‌റഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ പത്തരയോടെയാണ് സത്യാഗ്രഹസമരം ആരംഭിച്ചത്. കേസ് ഹൈക്കോടതിയില്‍ നിലവിലിരിക്കെ ടോള്‍ പിരിക്കുന്നതിനെതിരെ കോടതീയ ലക്ഷ്യ നടപടി സ്വീകരിക്കുമെന്നും എം.എല്‍.എ പറഞ്ഞു. ദേശീയപാത ചട്ടങ്ങള്‍ ലംഘിച്ചാണ് ആരിക്കാടി ടോള്‍ പ്ലാസ പ്രവര്‍ത്തനം ആരംഭിച്ചത്. ഹൈക്കോടതിയില്‍ കേസ് പരിഗണനയില്‍ തുടരുന്ന സാഹചര്യത്തില്‍ വിധി വരുന്നത് വരെ ടോള്‍ പിരിവ് നടത്തരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടും അധികൃതര്‍ ചെവി കൊണ്ടില്ലെന്നും ജില്ലാ കലക്ടറും ദേശീയപാതാ അതോറിറ്റിയും ജനവിരുദ്ധ നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്നതായും എം.എല്‍.എ കുറ്റപ്പെടുത്തി. അതേസമയം ആരിക്കാടിയില്‍ ടോള്‍ പ്ലാസ തുടങ്ങുന്നത് തടഞ്ഞുള്ള കോടതി ഉത്തരവില്‍ നിന്നും അതിനാല്‍ ടോള്‍ പിരിക്കുന്നതിന് നിയമപരമായ തടസമില്ലെന്നും ദേശീയപാത അതോറിറ്റി അധികൃതര്‍ പറയുന്നു. ജില്ലാ ഭരണകൂടത്തിന്റെ പിന്തുണയോടെ, പൊതു ഉപയോഗത്തിനായി അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനും സര്‍ക്കാറിന് വരുമാന നഷ്ടം ഒഴിവാക്കുന്നതിനുമാണ് ഇന്നലെ മുതല്‍ ടോള്‍ പ്ലാസ പ്രവര്‍ത്തന ക്ഷമമാക്കിയതെന്നും എന്‍.എച്ച്.എ.ഐ അറിയിച്ചു.

ഇന്നലെ ദേശീയപാതയില്‍ കുത്തിയിരിപ്പ് സമരം നടത്തിയതിന് എ.കെ.എം അഷ്‌റഫ് എം.എല്‍.എയും ജനപ്രതിനിധികളുമടക്കം കണ്ടാലറിയാവുന്ന നൂറ് പേര്‍ക്കെതിരെ കുമ്പള പൊലീസ് കേസെടുത്തു. ന്യായവിരുദ്ധമായി സംഘം ചേര്‍ന്നതിനും പൊതുജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും തടസമുണ്ടാക്കിയതിനുമാണ് കേസ്. ജനങ്ങളുടെ യാത്രാ സ്വാതന്ത്ര്യത്തെയും ജീവിതോപാധികളെയും പ്രതികൂലമായി ബാധിക്കുന്ന അന്യാസമായ ടോള്‍ പിരിവ് പൂര്‍ണ്ണമായും നിര്‍ത്തിവെക്കുന്നത് വരെ സമരം ശക്തമായി തുടരുമെന്നും സമരസമിതി അറിയിച്ചു.

Sub Editor

Sub Editor

- Utharadesam News Desk  
Related Articles
Next Story
Share it