കാഞ്ഞങ്ങാട്ട് ഇടത് മുന്നണി അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിനെ രംഗത്തിറക്കാന്‍ സാധ്യത തെളിഞ്ഞു

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പിലിനെ രംഗത്തിറക്കും എന്നറിയുന്നു. ഇത് സംബന്ധിച്ച് പാര്‍ട്ടി പച്ചക്കൊടി കാട്ടി. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ മത്സരിക്കണമെന്ന് നിര്‍ദേശിച്ചതായറിയുന്നു. ഇ. ചന്ദ്രശേഖരന്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയതിനാല്‍ ഇനി മത്സരരംഗത്തുണ്ടാകില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് സി.പി.ഐ പുതുമുഖത്തെ ഇറക്കുന്നത്. അതിനിടെ ഈ സ്ഥാനത്തിനുവേണ്ടി ചില സി.പി.ഐ നേതാക്കള്‍ നോട്ടമിട്ടതു കാരണം തര്‍ക്കത്തിന് സാധ്യതയുള്ളതിനാലാണ് സംസ്ഥാന കമ്മിറ്റി ഒറ്റപ്പേര് നിര്‍ദ്ദേശിച്ചതെന്നറിയുന്നു. രാവണീശ്വരം സ്വദേശിയായ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ കാഞ്ഞങ്ങാട് ബാറിലെ അഭിഭാഷകനാണ്. ബി.കെ.എം.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയായ ഗോവിന്ദന്‍ തുടര്‍ച്ചയായി മൂന്ന് തവണ സി.പി.ഐ ജില്ലാ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്നു. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ മത്സരിക്കുകയാണെങ്കില്‍ മണ്ഡലത്തില്‍ തന്നെ താമസമുള്ള ആദ്യ സ്ഥാനാര്‍ത്ഥിയെന്ന പേരും ഗോവിന്ദന് സ്വന്തമാകും. ഇതുവരെ പ്രതിനിധീകരിച്ചവര്‍ മണ്ഡലത്തിന് പുറത്തുനിന്നുള്ളവരാണ്.

